എന്നും നീ എന്റെ ആയിരുന്നു....... അന്ന് നിന്റെ വാരിയെല്ല് കൊണ്ടെന്നെ പടച്ച കാലം മുതൽക്കേ..... പിന്നെ നീ പിച്ച വെച്ച കാലം മുതൽക്കേ, നിന്റെ ബാല്യത്തിൽ നിനക്ക് വേണ്ടി പിറന്നപ്പോൾ, നിന്റെ കൗമാരത്തിൽ നിന്റെ സ്വപ്നങ്ങൾക്കും കുസൃതികൾക് നിറം പകരാൻ പിച്ച വെച്ച് പഠിച്ചപ്പോൾ, നിനക്കായി മെയ്യും മനവും കാത്തുസൂക്ഷിച്ചു പെണ്ണായപ്പോഴും എന്റേതായിരുന്നു നീ അന്നും.ഇടക്ക് നീ അവിടെയും ഇവിടെയും ഒക്കെ തട്ടി വീണു, മതിഭ്രമം ബാധിച്ചപ്പോൾ അവരൊക്കെ ഞാൻ ആണെന്ന് തെറ്റിധരിച്ചല്ലേ? അവിടെ ഒന്നും നിനക്ക് നിന്റെ പകുതിയേ കണ്ടുപിടിക്കാൻ പറ്റീലാ അല്ലേ,ഞാനും വെയ്ച്ചു വീണു പോയി വീണിട്ടും നിന്നെ കണ്ടില്ല. അപ്പോഴും നമ്മുടെ ഇടയിൽ ഒരു മറ ഉണ്ടായിരുന്നു.അഖിലം പടച്ചവന്റെ മറ. നാം വളർന്നു, പഠിച്ചു, ലോകത്തിന്റെ പല കോണിലായി, സന്തോഷങ്ങൾ ക്ഷണികമായെങ്കിലും നിറഞ്ഞു തുളുമ്പി. പക്ഷെ പിന്നെ പിടച്ചിലുകളുടെ കാലം ആയിരുന്നു. മറക്കാൻ ഏറ്റവും ആഗ്രഹമുള്ള കാലം മുറിവേറ്റ് വീണ ചോര പൊടിഞ്ഞ കാലം. കണ്ണീരുണങ്ങാത്ത കാലം.ആ കയത്തിൽ നിന്ന് ഉയർന്നു വരാനുള്ള ശ്രമത്തിലാണ് ആ മറ നീങ്ങിയത് അപ്പോൾ നാം തമ്മിൽ കണ്ടു. പരസ്പര പൂരകങ്ങൾ ആയിട്ടും,വൈകി കണ്ടവർ ആണ് നാം. ഇനി ഈ മഴയത്തു തനിച്ചു വിട്ടിട്ട് പോകരുതെന്നെ, രണ്ട് പേർക്കും ഒരു പോലെ പൊള്ളും, ഞാനില്ലാതെ നീ ഒരിക്കലും പൂർണമാകില്ല, നീ ഇല്ലാതെ ഞാനും.നിന്നെ വരിഞ്ഞു മുറുക്കുന്ന സർപ്പം ആണ് എന്റെ പ്രണയം. നിനക്ക് എങ്ങോട്ടും ചലിക്കാൻ ആകില്ല ഞാനില്ലാതെ ഇനി. അല്ലെങ്കിൽ നാഥൻ എന്നെ കൊണ്ടുപോകണം. പക്ഷെ അതിനു മുന്നേ നിന്റെ മാലാഖക്കുഞ്ഞിന് ജന്മം നൽകണം എനിക്ക്. അവരെ നോക്കി അച്ഛനെ പോലെ വളരാൻ പറയണം. അമ്മയേക്കാൾ അച്ഛനെ സ്നേഹിക്കാൻ പഠിപ്പിക്കണം. അമ്മക്കതാണ് ഇഷ്ടവും ശീലവും. പിന്നെ നിന്നെ തനിച്ചാക്കി പോകുമ്പോഴും ഞാൻ സ്വാർത്ഥയാണ് വേറെ ആരും നിങ്ങൾക്ക് കൂട്ട് വരരുത് എന്ന് ഞാൻ ആഗ്രഹിക്കും അത് എന്താന്നറിയോ വേറെ ആരും എന്നെ പോലെ പ്രേമിക്കില്ല,കാമിക്കില്ല,പിണങ്ങില്ല,പിന്നെ ചുംബനങ്ങൾ തന്ന് ഇണങ്ങില്ല, എന്നെ പോലെ കൊഞ്ചില്ല, എന്നെ പോലെ നിങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റാൻ ആർക്കും കഴിയില്ല, നിങ്ങളുടെ ഗർഭം അത്രമേൽ കൊതിയോടെ പേറില്ല.നമ്മുടെ കുഞ്ഞുങ്ങളെ അത്രയേറെ സ്നേഹിക്കില്ല, ഞാൻ പോയാൽ എന്നിലേക്ക് വരാൻ കാത്തിരിക്കണം. ജനിച്ചപ്പോൾ മുതൽ നിങ്ങളുടെ പകുതി ആയവളോട് മണ്ണോടു ചേരാൻ.
മൂവന്തി 💜 ഷഹാന
No comments:
Post a Comment